Saturday, July 30, 2011

എന്റെ അച്ഛൻ ഇന്ത്യയെ വെറുത്തത് എന്തുകൊണ്ട്?


ആതിഷ് റ്റസ്സീർ


എന്റെ അച്ഛൻ, സാൽമാൻ റ്റസ്സീർ, ഈ ജനുവരിയിൽ കൊല ചെയ്യപ്പെടുന്നതിനു തൊട്ട്മുൻപ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി.  ലക്ഷ്യപ്രാപ്തിയിലെത്താതെ ബംഗാൾ ഉൾക്കടലിൽ ചെന്നു വീണ ഇന്ത്യൻ റൊക്കറ്റിനേക്കുറിച്ച് അദ്ദേഹം എഴുതിയ സന്ദേശം ഇതായിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുമായി ഇന്ത്യ വല്ലതുമൊക്കെ കാട്ടിക്കൂട്ടി ഒരു വിഡ്ഡിയാകുന്നതെന്തിനാണ്‌?  ബോളിവുഡ്ഡിൽകിടന്നു കളിക്കുന്നതായിരിക്കും ഇന്ത്യക്ക് ഉത്തമമെന്നാണ്‌ എനിക്കു ഉപദേശിക്കുവാനുള്ളത്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിലെ ഗവർണറായിരുന്നു എന്റെ പിതാവ്.  ഇന്ത്യയുടെ നിർഭാഗ്യത്തെ നുള്ളി നോവിക്കുന്ന ഈ ട്വീറ്റ്, അനേകായിരം വരുന്ന അദ്ദേഹത്തിന്റെ ആരാധകരെ വളരെ ആഹ്ളാദഭരിതരാക്കി.  1947- ൽ വേർപെട്ട ഇന്ത്യയേപ്പറ്റി, ഒഴിയാബാധ പോലെ, അനാരോഗ്യകരമായ ചിന്തയിലേർപ്പെട്ടിരിക്കുന്ന പാക്കിസ്ഥാനികൾക്ക് ഇത് സന്തോഷം നൽകി.

എന്റെ പിതാവിന്റെ മനോഭാവം പാക്കിസ്ഥനിൽ സ്വീകാര്യമയിരുന്നെങ്കിലും എനിക്കത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.  ഇതുമൂലം ഞങ്ങൾക്കിടയിൽ വളരെയധികം നീരസം അനുഭവപ്പെട്ടിരുന്നു.  ഇന്ത്യാക്കാരിയായ എന്റെ അമ്മയോടൊപ്പം ഡൽഹിയിലാണ്‌ ഞാൻ വളർന്നത്.  പകുതി ഇന്ത്യാക്കാരനാണെങ്കിലും എന്റെ സ്വന്തം രാജ്യമായിട്ട് ഞാൻ കണക്കാക്കുന്നത് ഇന്ത്യയെത്തന്നെയാണ്‌.  ഒരു ക്രിസ്ത്യൻ സ്ത്രീയെ ന്യായീകരിച്ചതിനാൽ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ട എന്റെ പിതാവുമായി ഞാൻ കഴിഞ്ഞ മൂന്നു വർഷമായി സംസാരിച്ചിട്ടുണ്ടായിരുന്നില്ല.
പാക്കിസ്ഥാനെ നിരന്തരം ശല്ല്യപ്പെടുത്തുന്ന ചിന്തയായി മാറിയിരിക്കുന്നു ഇന്ത്യ.  ഈ അനിയന്ത്രിത ക്ഷോഭകാരണം മനസ്സിലാക്കണമെങ്കിൽ ഇന്ത്യയേയും അതിന്റെ ഭൂതകാലത്തേയും, ജനതയേയും, സംസ്കാരത്തേയും പാക്കിസ്ഥാൻ മനസ്സാ വാചാ കർമണാ നിരാകരിക്കുന്നതിന്റെ ന്യായവും നന്നായി മനസ്സിലാക്കണം.  ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുവാൻ അറയ്ക്കുന്നതിന്റേയും, പ്രധാന കൂട്ടാളിയായ അമേരിക്കയുടെ ലക്ഷ്യങ്ങളെ തകിടം മറിക്കുവാൻ ഉൽസാഹം കാണിക്കുന്നതിന്റേയും കാരണം പാക്കിസ്ഥാന്‌ ഇന്ത്യയോടുള്ള ശത്രുതയും വെറുപ്പും മാത്രമാണ്‌.

പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി ഗൗരവപൂർവം അവതരിപ്പിച്ചത് ഒരു രാഷ്ട്രീയക്കാരനോ അല്ലെങ്കിൽ ഒരു പുരോഹിതനോ ആയിരുന്നില്ല.  മുഹമ്മദ് ഇക്ബാൽ എന്ന കവിയിൽ ഉടലെടുത്ത ആശയമായിരുന്നു അത്.  ഇന്ത്യൻ മുസ്ലീമുകൾക്ക് രാഷ്ട്രീയ ധാർമീക അന്ത:സത്തയുള്ള ഒരു മുസ്ലീം രാഷ്ട്രത്തിന്റെ ആവശ്യകത 1930 ൽ ആൾ ഇന്ത്യ മുസ്ലീം ലീഗിന്റെ ഒരു സമ്മേളനത്തിൽ മുഹമ്മദ് ഇക്ബാൽ ഊന്നിപ്പറഞ്ഞു.  ഈ പുതിയ രാജ്യം എങ്ങിനെ ആയിരിക്കണമെന്ന് അദ്ദേഹത്തിന്‌ കൃത്യമായ തിരിച്ചറിവ് ഇല്ലായിരുന്നു.  എന്നാൽ എന്ത് അതിൽ ഉണ്ടായിരിക്കരുത് എന്നുള്ള കൃത്യമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു.  നാനാത്വത്തിലധിഷ്ടിതമായ ഒരു പഴയ ഇന്ത്യൻ സമൂഹത്തിന്റെ ബഹുത്വവും, വ്യക്തമായ ഘടകങ്ങളും മൂലകങ്ങളും ചേർന്നുണ്ടായ സംസ്കാരവും ഉൾക്കൊള്ളുന്ന രാജ്യമായിരിക്കരുത് പുതിയ പാക്കിസ്ഥാൻ എന്ന വ്യക്തമായ കാഴ്ചപ്പാട് മുഹമ്മദ് ഇക്ബാൽ ഉയർത്തിപ്പിടിച്ചു.

മുഹമ്മദ് ഇക്ബാലിന്റെ സ്വപ്നം 1947 ആഗസ്റ്റിൽ യഥാർത്ഥ്യമായി.  ബ്രിട്ടീഷ് ഇന്ത്യയെ രണ്ടായി പകുത്തെങ്കിലും ജനങ്ങൾ പരസ്പരം സ്ഥലം മാറേണ്ടതില്ലെന്നാണ്‌ ആദ്യം കരുതിയത്.  താമസിയാതെ എല്ലായിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു.  ഉടനെതന്നെ പൂർണചിത്രവും വ്യക്തമായി.  ഇന്ത്യൻ മുസ്ലീമുകൾക്കുവേണ്ടി പുതിയതായി ഉണ്ടാക്കിയ രാജ്യത്ത് മുസ്ലീമുകൾ അല്ലാത്തവർക്ക് ജീവിക്കുവാൻ സാധിക്കുകയില്ല എന്ന അവസ്ഥ സംജാതമായി.  അനേകലക്ഷങ്ങളുടെ ജീവൻ അറ്റു പോകുന്നതിനും, ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസത്തിനും സാക്ഷ്യം വഹിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഭൂപടത്തിൽ സ്ഥാനമുറപ്പിച്ചു.

സ്വാതന്ത്ര്യത്തിൽ പങ്കുവച്ച ഈ കൂട്ടക്കൊലകളുടേയും യാതനകളുടേയും അനുഭവജ്ഞാനമാണ്‌ പാക്കിസ്ഥനും ഇന്ത്യയും തമ്മിലുള്ള ആധുനിക ബന്ധത്തിന്റെ അടിത്തറ.  മാനുഷികതലത്തിലൂടെ നോക്കുമ്പോൾ, പാക്കിസ്ഥാനിലും ഇന്ത്യയിലും വളർന്ന എന്റെ അച്ഛനേയും അമ്മയേയും നിരീക്ഷിക്കുമ്പോൾ, ഒരു കാര്യം മനസ്സിലാക്കാം.  അവർ വളർന്നുവന്നപ്പോൾ കേട്ടതും അറിഞ്ഞതും സമാനതകളുള്ള, ക്രൂരമായ ഹത്യകളുടെ നൊമ്പരപ്പെടുത്തുന്ന കഥകളും, ലക്ഷങ്ങൾ വീടുകളില്ലാതെ തെണ്ടിയലഞ്ഞ് ജീവിക്കേണ്ടിവന്നതിനേയും കുറിച്ചാണ്‌. എന്നാൽ, പാക്കിസ്ഥാനിൽ ഈ വിഭജനത്തിന്‌ വേറൊരു അഗാധ മാനമുണ്ടായിരുന്നു.  ഇന്ത്യയുമായുണ്ടായ ഈ വിഭജനത്തിന്റെ അർത്ഥവ്യാപ്തിയേപ്പറ്റി സാംസ്കാരികവും നാഗരികവുമായ മേഖലകളിൽ വലിയ ചോദ്യങ്ങളുയർന്നു.
വ്യക്തമായ ദേശീയതാദാന്മ്യതയുടെ അഭാവത്തിൽ, എല്ലാക്കാര്യത്തിലും ഇന്ത്യക്കെതിരായ നിലപാടുകൾ നിർവചിച്ചുകൊണ്ട്, ഒരു പുതിയ വ്യക്തിത്വം സ്വീകരിക്കാൻ പുതിയ പാക്കിസ്ഥാൻ സന്നദ്ധനായി.  ഇക്കാരണത്താൽ എല്ലാത്തിനും അവർ ഇന്ത്യക്ക് എതിര്‌നിന്നു.  വിഭജനത്തിനു മുൻപ് മുസ്ലീമുകളും അല്ലാത്തവരും തമ്മിലുണ്ടായിരുന്ന പൊതുധാരണകൾക്കെതിരെ പാക്കിസ്ഥാൻ പുറം തിരിഞ്ഞു.  എല്ലാം സംശയത്തിന്റെ ദൃഷ്ടിയിലൂടെ അവർ നോക്കി.  വസ്ത്രധാരണം, ആചാരം, ഉൽസവങ്ങൾ, വിവാഹ കർമ്മങ്ങൾ, സാഹിത്യം തുടങ്ങി എല്ലാം സൂക്ഷ്മദർശിനിയിലൂടെ അവർ കണ്ടു.  അതിലെ ഇന്ത്യൻ അംശങ്ങൾ അവർ തുടച്ചു മാറ്റി. ഇന്ത്യയുമായുള്ള എല്ലാ സംസർഗവും മലിനമാണെന്നു ചിത്രീകരിച്ച്, അതിനു കാരണമാകുന്നതിനെയെല്ലാം അകറ്റി നിർത്തുവാൻ ശ്രദ്ധിച്ചു.

പുതിയ രാജ്യത്ത് പുതിയ ദേശീയതയ്ക്ക് രൂപം നൽകാൻ നേതാക്കൾ ദൃഡമായി യത്നിച്ചു.  ഇന്ത്യൻ സംസ്കാരത്തെ വൈദേശികമായി കണക്കാക്കി, അതിനെ അടർത്തി മാറ്റി, സ്വന്തം നാട്ടിൽ നട്ടു വളർത്തിയതിനെ പരിപോഷിപ്പിക്കാനായി ശ്രമം.  ഇതു വിജയിച്ചിരുന്നുവെങ്കിൽ പാക്കിസ്ഥാൻ ഒരു ചാലക ശക്തിയാകുമായിരുന്നു.  നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയിരുന്ന തദ്ദേശിയവും പ്രാദേശികവുമായ സംസ്കാരത്തെ തള്ളി മാറ്റി സ്വയം പീഡിതമായി മറ്റൊരു സംസ്കാരത്തെ സൃഷ്ടിച്ചെടുക്കുവാൻ ആവേശം കാണിച്ചു.  അറബി സംസ്കാരത്തെ പുണരുന്ന ഇസ്ലാമിക അനന്യത പുതിയ നയത്തിന്റെ ഭാഗമായി.  അനേക വർഷങ്ങളായി പൗരാണിക ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഒരു ജനത ഉടനെതന്നെ ഇന്ത്യക്കെതിരെ പുറം തിരിഞ്ഞപ്പോൾ പാക്കിസ്ഥാൻ പാക്കിസ്ഥനെതിരെ സ്വയം പുറം തിരിയുകയായിരുന്നു.

കാതലായ ഒരു പ്രശ്നം ഇതിലുണ്ടായിരുന്നു.  തൊട്ടടുത്തു ശയിക്കുന്ന ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷവും സ്വന്തം അനന്യത കൈവിടാതെ സംഗ്രഥിതമായി നിലകൊണ്ടു.  പാക്കിസ്ഥാന്റെ അത്രയും തന്നെയുള്ള മുസ്ലീം ജനസംഖ്യ അപ്പോഴും ഇന്ത്യയിലുണ്ടായിരുന്നു.  എല്ലാ ദിവസവും പതിവായി ചെയ്തു പോന്നിരുന്ന കാര്യങ്ങൾ മന:പൂർവം ചെയ്യാതെ മറ്റെന്തൊക്കെയോ ചെയ്യാൻ പാക്കിസ്ഥാൻ ശ്രമിച്ചു.  എന്തുവേണമെന്നുള്ള അവ്യക്തതയും നിറഞ്ഞു നിന്നു.
ഈ അവസ്ഥാസംഭ്രാന്തം ദശകങ്ങൾ കഴിഞ്ഞിട്ടും നിറഞ്ഞു നിന്നു.  രാഷ്ട്രീയ പ്രക്ഷുബ്ധത നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്.  നിയമപരമായ അധികാര കൈമാറ്റം ഒരു പ്രാവശ്യംപോലും പാക്കിസ്ഥാനിൽ സംഭവിച്ചിട്ടില്ല.  അട്ടിമറി നടത്തി പട്ടാളം ഭരണം നടത്തുന്നത് സാധാരണ കാഴ്ചയായിരുന്നു.  വിഭജനം ഒരു അബദ്ധമായിരുന്നുവെന്ന് 1980 ലും എന്റെ പിതാവ് വിശ്വസിച്ചിരുന്നില്ല.  ഒരൊറ്റ ന്യായീകരണമാണ്‌അതിന്‌അദ്ദേഹം പറയുന്നത്.  ഇന്ത്യ എത്ര ജനാധിപത്യ രാജ്യമായിരുന്നാൽ പോലും അത് ഒരു സാമ്പത്തിക വിപത്തുമാത്രമാണെന്ന് അദ്ദേഹം കരുതി.

എന്റെ പിതാവ് അക്കാലത്ത് അങ്ങനെ ഇന്ത്യയെക്കുറിച്ച് പറയുന്നതിന്‌പല കാരണങ്ങളുമുണ്ടായിരുന്നു.  നല്ല കാറുകളും നല്ല റോഡുകളും പട്ടാളം ഭരിച്ചിരുന്ന പാക്കിസ്ഥാനിൽ ഉണ്ടായിരുന്നു.  നല്ല നല്ല ബിസ്സിനസ്സുകൾ ഉയർന്നു വന്നു.  പാക് പൗരന്മാർക്ക് കൈകാര്യം ചെയ്യാൻ വിദേശ കറൻസികൾ ലഭിച്ചു.  പാക്കിസ്ഥനിലെ അവസ്ഥ ആ സമയത്ത് ദാരിദ്ര്യം നിറഞ്ഞ ഇന്ത്യയേക്കാൾ താരതമ്യേന മെച്ചമായിരുന്നു.  ജനാധിപത്യരാജ്യമായിരുന്ന ഇന്ത്യയിൽ വരൾച്ചയും ക്ഷാമവും മാത്രം ബാക്കി.

1990 ആയതോടെ രണ്ടു രാജ്യങ്ങളുടേയും വിധി കീഴ്മേൽ മറിഞ്ഞു.  വിഭജനത്തിനുശേഷമുണ്ടായ ഐശ്വര്യങ്ങൾ പെട്ടെന്ന് പാക്കിസ്ഥാനിൽനിന്ന് അന്തർദ്ധാനം ചെയ്യാൻ തുടങ്ങി.  ഇന്ത്യൻ സംസ്കാരത്തെ വെടിയാൻ ശ്രമിച്ച പാക്കിസ്ഥാൻ ഒരു വലിയ വില അതിന്‌നല്കി.  അപകടകാരിയായ ഒരു പുതിയ ഇസ്ലാം സമൂഹം ഉയിർത്തെഴുന്നേറ്റു.  അതേസമയം, ഇന്ത്യയിൽ നേരേ തിരിഞ്ഞാണ്‌സംഭവിച്ചത്.  സാമ്പത്തിക ഉദാരവൽക്കരണത്തെ മുറുകെ പുണർന്നതോടെ ഇന്ത്യ പെട്ടെന്ന് ഐശ്വര്യം പ്രാപിച്ചു തുടങ്ങി.  പാക്കിസ്ഥാൻ വാടിക്കരിയാനും തുടങ്ങി.  ഒരു കവിയുടെ സങ്കൽപ്പ സ്വർഗമായി വിടർന്നു വന്ന ആ രാജ്യം, ക്രമേണ ശുഷ്ക്കിച്ച്, നാശത്തിലേക്കും നിർദ്ധനത്വത്തിലേക്കും വഴുതി വീണു.
ഈ നാശത്തിന്റെ പ്രധാന ഹേതു പാക് ആർമി തന്നെ.  അമേരിക്കയിൽനിന്നും ഭീകര വിരുദ്ധ പ്രവർതനങ്ങൾക്ക് ഉപയോഗിക്കാനായി അമേരിക്കയിൽനിന്നും സഹായധനമായി ലഭിച്ചുകൊണ്ടിരുന്ന വൻ തുകകൾ മിലിട്ടറിയുടെ കൈകളിലേക്കാണ്‌വന്നെത്തിക്കൊണ്ടിരുന്നത്.  9/11 നു ശേഷം ഏകദേശം  പതിനൊന്നു മില്ല്യൺ ഡോളറാണ്‌പാക്കിസ്ഥനിലേക്ക് ഒഴുകിയത്.  ജനക്ഷേമകരമായ കര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു പകരം ഈ സഹായധനത്തിന്റെ ഭൂരിഭാഗവും  ഇന്ത്യക്കെതിരെ സായുധരാകാൻ അവർ ഉപയോഗിച്ചു.  അഫ്ഗാനിസ്ഥാനിൽ സുരക്ഷയും സമാധാനവും ഊട്ടി ഉറപ്പിക്കുന്നതിനു പകരം ഭീകരന്മാരുടെ ഒരു പുറമ്പോക്കായി ആ രാജ്യത്തെ അവർ കൈകാര്യം ചെയ്തു.  മാത്രമല്ല, ഒരിക്കൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽനിന്നും വിട പറയുമ്പോൾ ഇന്ത്യക്കെതിരേയുള്ള തന്ത്രപ്രധാനമായ ഒരു സ്ഥലമായി അതിനെ ഉപയോഗിക്കാമെന്നും അവർ സ്വപ്നം കണ്ടു.

ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി അമേരിക്കയെ പാക്കിസ്ഥാൻ അവരുടെ താളത്തിന്‌തുള്ളിച്ചു.  ഭീകരതക്കെതിരെ അവർ നന്നായി യുദ്ധം ചെയ്യുന്നുണ്ടെന്ന് ലോകത്തെ ധരിപ്പിച്ചു.  അതേസമയം ഭീകരർ വളരെ ശക്തരാണെന്നും, അവർക്കെതിരെ വിജയിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ധാരണ പരത്തി.  ഈ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ കൂടുതൽ പണം ചെലവാക്കണമെന്നു് അമേരിക്കയെ ധരിപ്പിച്ചുകൊണ്ടിരുന്നു.  ഇപ്രകാരം ഒരു ഇരട്ടത്താപ്പ് നയത്തിലൂടെ - ചിലയിടത്ത് ഭീകരർക്കെതിരെ ആഞ്ഞടിക്കുകയും, മുംബയിൽ ഭീകരാക്രമണം നടത്തിയ ലഷ്കർ ഈ തായ്ബായെപ്പോലുള്ള ഭീകര സംഘടനകളെ കൈയ്യഴിച്ച് സഹായിച്ചും - പട്ടാളഭരണം പാക്കിസ്ഥാനെ നിയന്ത്രിച്ചു.
പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ ജീവിച്ചിരുന്ന ഒസാമ ബിൻ ലാദനെ ഇക്കഴിഞ്ഞ മേയ് മാസത്തിൽ അമേരിക്ക കൊലപ്പെടുത്തിയതോടെ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഈ ഇരട്ടത്താപ്പ് നയം പൂർണമായും വെളിച്ചത്തായി. പാക് പട്ടാളം ലോകത്തിലെ ഏറ്റവും മോശമായ ഒരു പ്രസ്ഥാനമാണെന്ന് ഈ സംഭവത്തോടെ കുറ്റാരോപിതരായി. താലിബാനെ സൃഷ്ടിച്ചെടുത്തതും അന്തർദ്ദേശീയ ഭീകര പ്രസ്ഥാനത്തിന്‌വൻ തുക ചെലവിട്ടതും, ന്യൂക്ളിയാർ രഹസ്യങ്ങൾ പുറം ലോകത്തിന്‌നൽകുന്ന ലാഭകരമായ ഇടപാടുകളും പാക്കിസ്ഥാൻ പട്ടാളത്തിന്റെ മുഖ്യ നടപടികളിൽ ചിലതു മാത്രമായിരുന്നു.  സത്യത്തിൽ, മറ്റുള്ളവരോടെന്നതിനേക്കാൾ സ്വന്തം രാജ്യത്തോട് തന്നെ  പാക്കിസ്ഥാൻ പട്ടാളം ഏറ്റവും ഉപദ്രവകാരിയായി തീർന്നു.  ഇന്ത്യയിൽ നിന്നുള്ള ഭീഷണി വളരെ വലുതാണെന്ന അപവാദം ജനങ്ങളിൽ നിരന്തരമായി അടിച്ചേൽപ്പിച്ചു.  പാക് സമ്പത്തിന്റെ കാൽ ഭാഗമെങ്കിലും പട്ടാളം എല്ലാ വർഷവും കാർന്നു തിന്നു.  സിവിൽ ഗവണ്മെന്റുകളെ ഒന്നിനു പിറകെ ഒന്നായി അട്ടിമറിച്ചു.  സാമ്പത്തിക ലാഭത്തിനായി പട്ടാളം വൻകിട ബേക്കറികളും, ഷോപ്പിങ്ങ് മാളുകളും, കെട്ടിടങ്ങളും നിർമ്മിച്ചെടുത്തു.  അങ്ങനെ പട്ടാളം സ്വേഛാധിപതികളായി പാക്കിസ്ഥാനിൽ കൊടി കുത്തി വാണു.

എന്റെ പിതാവ് മരിക്കുന്നതിനു മുൻപ് ചെയ്ത ട്വീറ്റിന്റെ പിന്നിലുള്ള തീക്ഷണതക്കു കാരണം രണ്ടു രാജ്യങ്ങളുടേയും ഭാഗ്യം കാലക്രമേണ വിപരീത ദിശയിലേക്ക് ചലിച്ചതാണ്‌.  ഇന്ത്യയുടെ അസൂയാവഹമായ പുരോഗതിയും പരമ്പരാഗത സാംസ്കാരിക ശക്തിയും ഒരു വശത്ത്.  മുഹമ്മദ് ഇക്ബാലിന്റെ പൂർണമാകാത്ത സ്വപ്ന സങ്കൽപ്പങ്ങളുടെ അത്യാഹിതം മറു വശത്ത്.  അനുഭവ സാന്ദ്രമായ ഒരു സംസ്കാരത്തെ നിർബന്ധബുദ്ധിയോടെ തള്ളിക്കളഞ്ഞതിന്റെ നിരാശയും ക്രോധവും അദ്ദേഹം ചെയ്ത ട്വീറ്റിലുണ്ട്.  ഈ സംസ്കാരം, അനുദിനം എല്ലാ പാക്കിസ്ഥാനികളും ബോളിവുഡ്ഡിലൂടെ, അവരവരുടെ വീടുകളിൽ അനുഭവിക്കുന്നുണ്ടെന്നുള്ളതാണ്‌വേറൊരു സത്യം.
പാക്കിസ്ഥാന്റെ ഈ ക്രോധവും നിരാശയുമാണ്‌കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ വിലങ്ങുതടിയായിട്ടുള്ളത്.  രോഗതുല്യമായ ഈ ചിന്തയും മാനസികാവസ്ഥയുമാണ്‌സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പക്കിസ്ഥാൻ ഒരുമ്പെടാത്തത്.  1947 ൽ ഉണ്ടായ മുറിവുകൾ ഉണക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പാക്കിസ്ഥന്റെ ആരോഗ്യവും പുന:സ്ഥാപിക്കുവാൻ കഴിയൂ.  പാക്കിസ്ഥാന്റെ ഈ അവസ്ഥ ഇന്ത്യയെ ഒരിക്കലും വിജയാഹ്ളാദത്തിലേക്ക് നയിക്കേണ്ടതുമില്ല.  കാരണം, എല്ലാ വീമ്പുകൾക്കും വീരവാദങ്ങൾക്കും പിന്നിൽ അനേകായിരങ്ങളുടെ വിതുമ്പലും, വേദനയും, ദു:ഖവും ഉണ്ടെന്ന് ഓർക്കുക.

(സ്ട്രേഞ്ചർ റ്റു ഹിസ്റ്ററി: എ സൺസ് ജേർണി ത്രൂ ഇസ്ലാമിക് ലാൻഡ്സ് എന്ന പുസ്തകത്തിന്റെ രചയിതാവായ ആതിഷ് റ്റസ്സീർ ഇന്ത്യയിൽ ജനിച്ചു വളർന്ന് ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്ന പത്രപ്രവർത്തകനാണ്‌.  അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ നൂൺ ഈ വരുന്ന സെപ്റ്റംബറിൽ അമേരിക്കയിൽ പ്രസിദ്ധീകരിക്കും.)


Read www.Jaalakam.com , published from USA, for more news and articles.

3 comments:

  1. വായിച്ചു ഒന്ന് ക്കൂടി വായിക്കട്ടെ എന്നിട്ട് അഭിപ്രായം അറിയിക്കാം
    ആശംസകള്‍ ...ഇതു verraitty ബ്ലോഗ്ഗ് ആണല്ലോ ?

    ReplyDelete
  2. നല്ല ഒരു ലേഖനം

    ReplyDelete