Wednesday, July 20, 2011

ദസ്സറ ചൌക്കിലെ കോണ്ടം മാമ

ജോർജ് മാത്യൂ

വേശ്യാലയങ്ങൾ വൃത്തികെട്ടതാണ്.  മനം മടുപ്പിക്കുന്ന ഗന്ധം ചുരത്തുന്നു.  ഇന്ത്യയിലെ പ്രസിദ്ധമായ ചുവന്ന തെരുവ് മുംബയിലുള്ള കാമാത്തിപ്പുരയിൽ ചെന്നു നോക്കൂ.  കീറിയ കോണ്ടങ്ങൾ ചിതറിക്കിടക്കുന്ന അഴുക്കു ചാലുകൾ.  വെറ്റിലക്കറ വീണ് ചുവന്ന വീഥികളും, മൂത്രത്തിന്റെ ഗന്ധവും കാമാത്തിപുരയെ വൃത്തികെട്ടതാക്കുന്നു.  കറ പിടിച്ച്, കീറിയ പോസ്റ്ററുകൾ ഒട്ടിച്ച ചുവരുകളും, ഉച്ഛിഷ്ടങ്ങൾ നിറഞ്ഞ പൊളിഞ്ഞ റോഡുകളും കാമാത്തിപുരയെ മലിനമാക്കുന്നു.  ഇവിടെ റബ്ബർ ഉറകൾ ഉപയോഗിക്കുകയൊ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. അവിടെ ജീവിക്കുന്ന സ്ത്രീകൾ... അവർ ചുണ്ടിൽ വിലകുറഞ്ഞ ലിപ്സ്റ്റിക്ക് പുരട്ടിയിട്ടുണ്ട്.  നഖം നീണ്ട കൈവിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റ് കുറ്റികളുണ്ട്.  മെല്ലിച്ച ശരീരത്തിലെ ബ്ളൗസ്സിനിടയിൽ തള്ളി നില്ക്കുന്ന മാറിടങ്ങളുണ്ട്.  ചിലർ മുറുക്കി തുപ്പുന്നു.  എന്തൊരു കാഴ്ച.  ഇതും വേറൊരു ഇന്ത്യയുടെ മുഖം. അവിടെയും ഇവിടെയും ആയി മാത്രം അസ്ഥികൂടങ്ങൾപോലെ കോണ്ടം വെണ്ടിങ്ങ് മെഷീനുകൾ ആരാലും ശ്രദ്ധിക്കപ്പെടാതെ തൂങ്ങി നില്ക്കുന്നു.  ഇതുപോലെ വേറൊരു കുപ്രസിദ്ധമായ ചുവന്ന തെരുവാണ് മഹാരാഷ്ട്രായിലെ കോൾഹാപ്പൂരിലുമുള്ളത്.  ഇവിടെ പന്നികളും സ്ത്രീകളും വഴിയോരങ്ങളിൽ മൽസരിക്കുന്നു.  പന്നികൾ ഓടകളിലെ ചെളിവെള്ളവുമായി മല്ലിടുമ്പോൾ സ്ത്രീകൾ പുരുഷന്മാരുമായി വിലപേശുന്നു.

മഹാരാഷ്ട്രായിൽ തന്നെ വേറൊരു സ്ഥലമുണ്ട്‌.  സാംഗ്ളി.  ഇവിടവും അനേകം വേശ്യാലയങ്ങളുടെ കേന്ദ്രമാണ്‌.  പക്ഷേ വൃത്തികെട്ട കാമാത്തിപുരയേപ്പോലെയോ കോലാപ്പുരിപോലെയോ അല്ല.  സാംഗ്ളി  വൃത്തിയുള്ള സ്ഥലമാണ്‌.  ഇവിടെയുള്ളത്‌ വൃത്തിയുള്ള വേശ്യാലയങ്ങളാണ്‌.  സാംഗളിയുടെ കഥ തുടങ്ങുന്നത്‌ അവിടുത്തെ  റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങുന്നതോടെയാണ്‌.  മഹാരാഷ്ട്രയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ  റെയിൽവേസ്റ്റേഷൻ.  ഒരു ഒട്ടോറിക്ഷ പിടിച്ച്‌ അഞ്ചു മിനിട്ട്‌ യാത്ര ചെയ്താൽ  ദസ്സറ ചൌക്കിൽ ചെന്നെത്താം.  വൃക്ഷങ്ങൾ തണലേകുന്ന വൃത്തിയുള്ള റോഡിലൂടെ യാത്ര ചെയ്ത്‌ ഒരു ജങ്ങ്ഷനിൽ എത്തിച്ചേരുന്നു.  അവിടെനിന്നും വേറൊരു വഴിയിലൂടെ തിരിഞ്ഞാൽ സാംഗ്ളിയിലെ ചുവന്ന തെരുവിലേക്ക്‌ പ്രവേശിക്കാം.  റബ്ബർ ഉറകൾ ഒഴുകി ഒലിക്കുന്ന ഓടകൾ ഇവിടെയില്ല.  വീടുകളെല്ലാം മനോഹരമായി പെയിന്റടിച്ച്‌ മനോഹരമാക്കിയിരിക്കുന്നു.  ഓരോ വീടിന്റെ മുൻവശത്തും രംഗോളി പൂശിയിരിക്കുന്നു.  ചില വീടുകളുടെ വാതില്ക്കൽ രണ്ടോ മൂന്നോ സ്ത്രീകൾ കൂട്ടം കൂടി നില്ക്കുന്നതു കാണാം.  പുരുഷന്മാരേയും പ്രതീക്ഷിച്ചു നില്ക്കുകയാണ്‌. മറ്റു ചില സ്ത്രീകൾ അവരുടെ ദൈനംദിന ജീവിതത്തിൽ മുഴുകിയിരിക്കുന്നു. മുറ്റം വൃത്തിയാക്കുന്നു.  ചിലർ കുട്ടികളുടെ പിന്നാലെ ഓടുന്നു.  ചിലർ ഭക്ഷണം ഉണ്ടാക്കുന്നു. ചിലർ വസ്ത്രങ്ങൾ ഉണക്കാനിടുന്നു. മറ്റു ചില സ്ത്രീകൾ മുടി ചീവുന്നു.  ചിലർ നെയിൽപോളീഷ്‌ ഇടുന്നു.  വേറെ ചിലർ കണ്ണാടി ഒരു കൈയ്യിൽ പിടിച്ച്‌ മറുകൈകൊണ്ട്‌ ലിപ്‌സ്റ്റിക്  പുരട്ടുന്നു.
**************************************************

ആകൃഷ്ടമായ ജനാലകളുടെ പിറകിൽ നിന്നും കാറ്റത്താടുന്ന മണിയുടെ ജിങ്കിൾ നാദം.  വാതിൽപ്പടികൾക്ക് മുൻപിൽ അനേകം ചെരുപ്പുകൾ ആരെയോ കാത്തു കിടക്കുന്നു. മുൻവാതിലിനരികിലെത്തിയപ്പോൾ കനത്ത ഒരു ശബ്ദം.  ദയവ് ചെയ്ത് ചെരിപ്പ് ഊരിയിടൂ.  അകത്തേക്ക് നോക്കിയാൽ കാണുന്നത് പെൺകുട്ടികളുടെ അർദ്ധനഗ്നമായ പോസ്റ്ററുകൾ ഒട്ടിച്ച ഭിത്തി.  ഇടതുവശത്തെ ഭിത്തിക്കടുത്തിട്ടിരിക്കുന്ന മഞ്ചകട്ടിലിൽ തടിച്ച ഒരു സ്ത്രീ ഇരിക്കുന്നു.  വലതുകൈകൊണ്ട് അവർ അവരുടെ കാൽമുട്ടുകൾ തടവുന്നു.  തൊട്ടടുത്ത് മെല്ലിച്ച ഒരു ആൺകുട്ടി ഇരുന്ന് ടി വി കാണുന്നുണ്ട്.  ഒരു കസേര കൊണ്ടുവരുവാൻ അവർ അകത്തേക്കു നോക്കി ആംഗ്യം കാണിച്ചു.  കുറച്ചു കഴിഞ്ഞപ്പോൾ സാരി ഉടുത്ത ഒരു ചെറുപ്പക്കാരി ഒരു കപ്പ് ചായയുമായി ഞങ്ങൾക്കരുകിലേക്ക് വന്നു.  ഇവളെന്റെ മോളാണ്‌.  തടിച്ച സ്ത്രീ ചെറുപ്പക്കാരിയെ നോക്കി പറയുന്നു.  എനിക്കിവിടെ അനേകം പെൺമക്കളുണ്ട്. റഫീക് മാത്രമേ എനിക്കൊരു ആൺകുട്ടിയായിട്ടുള്ളു.  അടുത്തിരിക്കുന്ന ആൺകുട്ടിയെ തലോടിക്കൊണ്ട് ബന്ധവാ മാഡം എന്ന പേരിലറിയപ്പെടുന്ന അമീർബി സിക്കന്ധർ ഷേയ്ക്ക് പറഞ്ഞു.

ഈ സമയത്ത് വേറൊരു പെൺകുട്ടി വന്ന് നമസ്തേ പറഞ്ഞു.  മറ്റ് രണ്ട് പെൺകുട്ടികൾ കതകിനു പിന്നിൽ ഞങ്ങളെ ഒളിഞ്ഞുനോക്കി നില്ക്കുന്നു.  റഫീക് പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടിപ്പോയി.  അവന്റെ അമ്മക്ക് എയ്ഡ്സ് രോഗമായിരുന്നു.  അവർ മരിച്ചുപോയി. കോണ്ടം ഉപയോഗിക്കണമെന്ന് പല പ്രാവശ്യവും അവരോട് ഞാൻ പറഞ്ഞതാണ്‌.  അവരത് അനുസരിച്ചില്ല.  അവൻ ജനിച്ചപ്പോൾ അവനും എയ്ഡ്സ് ഉണ്ടായിരുന്നു.  അവൻ സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു.  പക്ഷേ അവന്‌ എയ്ഡ്സ് ഉണ്ടെന്ന് ഞാൻ ടീച്ചറോട് ഇതുവരെ പറഞ്ഞിട്ടില്ല.  ദസ്സറ ചൗക്കിൽ ഇനി എയ്ഡ്സ് വരാൻ ഞാൻ അനുവദിക്കില്ല.  കോണ്ടം ധരിക്കാത്ത ഒരു പുരുഷനുമായും കിടപ്പറ പങ്കിടാൻ എന്റെ പെൺകുട്ടികൾ സമ്മതിക്കുകയില്ല.  അവർ ഒരു നെടുവീപ്പോടെ പറഞ്ഞു നിർത്തി.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുൻപ് മാഡത്തിന്‌18 വയസ്സ്.  സ്നേഹിച്ച പുരുഷനുമായി ഒളിച്ചോടി.  പക്ഷേ അയാൾ അവരെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല.  കാലക്രമേണ അയാൾ അപ്രത്യക്ഷനായി.  വീട്ടിലേക്ക് തിരിച്ചു പോകാൻ ഭയമായിരുന്നു.  ആദ്യം കിട്ടിയ ചെറിയ പണികളൊക്കെ ചെയ്ത് ജീവിച്ചു.  അവസാനം ദസ്സറ ചൗക്കിൽ വന്നു പെട്ടു.  ജീവിതം വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇഴഞ്ഞു നീങ്ങി.

കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ വായിലും നാക്കിലുമൊക്കെ പൂണ്ണുകൾ മുളച്ചു പൊങ്ങി.  തടിച്ചിരുന്ന സ്ത്രീകൾ മെല്ലിച്ച് വടി പോലെയായി. അപ്പോഴാണ്‌ അവർ അറിയുന്നത് എയ്ഡ്സ് എന്ന മാരക രോഗത്തെപ്പറ്റി.  കൂടെ ഉണ്ടായിരുന്ന പല സ്ത്രീകളും അപ്രത്യക്ഷരായി.  ഞങ്ങളുടെ ജോലി ഞങ്ങളെ കൊല്ലുന്നതാണെന്ന് അപ്പോഴാണെനിക്കു മനസ്സിലാകുന്നത്.  ദസ്സറചൗക്കിലെ പെൺകുട്ടികളുടെ അമ്മയും ബോസ്സുമൊക്കെയായ മാഡം പറയുന്നു.

ആയിടക്കാണ്‌ സംഗ്ളിയിലെ ഒരു സംഘടനയായ സാൻഗ്രാംമുമായി ബന്ധപ്പെടുന്നത്. സംഘടനയുടെ മുഖ്യ ജോലി എയ്ഡ്സ് നേപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു.  അവരിൽനിന്നാണ്‌ മാഡം ആദ്യം കോണ്ടത്തേക്കുറിച്ച് അറിയാൻ ഇടയാകുന്നത്.  ആദ്യം കണ്ടപ്പോൾ ഒട്ടിപ്പിടിക്കുന്ന ഒരു വിചിത്ര സാധനമായിട്ടണെനിക്കു തോന്നിയത്.  പിന്നെ ഞാൻ വിചാരിച്ചു, വെറുതേ കിട്ടുന്ന സാധനമല്ലേ.  ഒന്നു പരീക്ഷിച്ചു കളയാം. ഒരു ലൈംഗീക തൊഴിലാളിയായ എന്നെ അത് സംരക്ഷിക്കുമെന്ന് പിന്നീടെനിക്കു മനസ്സിലായി.

ഇതിന്റെ പ്രയോജനം മനസ്സിലാക്കിയ മാഡം മറ്റ് സ്ത്രീകളേയും ഇതിനേക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിച്ചു.  പല സ്ത്രീകളും ഇത് ഉപയോഗിക്കുവാൻ ആദ്യം മടി കാണിച്ചെന്ന് മാഡം പറയുന്നു.  റബ്ബർ ഉറകൾ രതിസുഖം നല്കുകയില്ലെന്ന് പല പുരുഷന്മാരും കരുതി.  പലരും ഇത് ഉപയോഗിക്കാൻ വിമുഖരായി.  ഇതിന്റെ ഫലമായി ലൈംഗീകതൊഴിലാളികൾക്ക് പലർക്കും അന്നം മുട്ടി.  പക്ഷേ മാഡത്തിനെ ഈ പ്രതിബന്ധങ്ങളൊന്നും നിരുൽസാഹപ്പെടുത്തിയില്ല.
മാഡത്തിന്റെ കീഴിൽ ഏകദേശം 200 പെണ്ണുങ്ങളാണ്‌ജോലി ചെയ്തിരുന്നത്.  ഭൂരിപക്ഷവും അയൽ സംസ്ഥാനമായ കർണാടകത്തിൽ നിന്നുള്ളവരായിരുന്നു.  കർണാടകത്തിലെ ദേവദാസി സമ്പ്രദായത്തിൽ വളർന്നുവന്ന ഈ പെൺകുട്ടികൾക്ക് കന്നഡ മാത്രമേ മനസ്സിലാകൂ.  ഭാഷയും ഒരു വിലങ്ങുതടിയായി.

അപ്പോഴാണ്‌ മാഡത്തിന്‌ വേറൊരു ആശയം തോന്നിയത്.  പ്ളാസ്റ്റിക് ബക്കറ്റുകൾ.  മാഡം രണ്ടു ബക്കറ്റുകൾ സൗകര്യപ്രദമായ സ്ഥലത്ത് വച്ചു. കസ്റ്റമർ പോയിക്കഴിഞ്ഞാൽ ഉപയോഗശൂന്യമായ റബ്ബർ ഉറകൾ നിർബന്ധമായും ബക്കറ്റിൽ നിക്ഷേപിക്കണമെന്ന് മാഡം നിർബന്ധം പിടിച്ചു.  പാതിരാത്രി കഴിഞ്ഞ്‌ഓരോ സ്ത്രീകളുടെ അരികിലും പോയി മാഡം കസ്റ്റമറുടെ കണക്കെടുക്കും. ഓരോ സ്ത്രീകൾക്കും ആ രാത്രിയിൽ എത്ര കസ്റ്റമർ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കും.  എന്നിട്ട്, ബക്കറ്റിൽ കൈയ്യിട്ട്, റബർ ഉറകൾ എണ്ണും.  ഒരെണ്ണം കുറവു വന്നാൽ അതിനർത്ഥം ആരോ ഒരാൾ ഉറ ഉപയോഗിച്ചിട്ടില്ലെന്നാണ്‌.  അതാരാണെന്ന് ഒരോ സ്ത്രീകളേയും ചോദ്യം ചെയ്ത് മനസ്സിലാക്കും.  ക്ഷമാപണവുമായി വന്നുനിൽക്കുന്ന അവർക്ക് ഇനിമേൽ ഇങ്ങനെ സംഭവിക്കരുതെന്ന് താക്കീത് നല്കും.  ഈ ശ്രമം കഴിഞ്ഞ മൂന്നു വർഷമായി തുടരുന്നു.  ആരും ഇപ്പോൾ ഉറ ഉപയോഗിക്കാതെ ലൈംഗീക ബന്ധത്തിലേർപ്പെടുകയില്ല.  ഉറയുടെ ഉപയോഗം ഉറപ്പായിരിക്കുന്നു സാംഗ്ളിയിലെ തെരുവുകളിൽ.
ഏതെങ്കിലും കസ്റ്റമർ ഉറ ഉപയോഗിക്കാൻ മടി കാണിച്ചാൽ അയാളെ പുറത്താക്കും.  കയറി വരുന്ന എല്ലാ പുരുഷന്മാർക്കും ഉറ ഉപയോഗിക്കുവാൻ മടി കാണിക്കുന്നവരാണെന്ന് മാഡം പറയുന്നു.  അവിടെ വരുന്ന എല്ലാ പുരുഷന്മാരും സാധാരണ മദ്യപിച്ചിട്ടായിരിക്കും വരിക.  മദ്യപിക്കാതെ വരുന്നവർ ഉറ ഉപയോഗിക്കുവാൻ മടി കാണിക്കാറില്ല.

കസ്റ്റമേഴ്സ് നഷ്ടപ്പെടാതിരിക്കുവാനും  അമിതമായി മദ്യപിച്ചവരെ ഒഴിവാക്കുവാനും മാഡം വേറൊരു ബുദ്ധി കണ്ടുപിടിച്ചു.  വൈകുന്നേരം ആറു മണിയാകുമ്പോൾ മാഡം പ്രധാന പ്രവേശനകവാടത്തിനടുത്തുള്ള ഒരു മരത്തണലിൽ ഇരിപ്പുറപ്പിക്കും.  വരുന്ന മദ്യപാനികളുടെ ലഹരിയുടെ അളവ് മനസ്സിലാക്കും.  കിടപ്പറ പങ്കിടാൻ വരുന്ന പുരുഷനെ സൂക്ഷിച്ചു നോക്കിയാൽ പിടികിട്ടും അവൻ എത്രമാത്രം കുടിച്ചിട്ടുണ്ടെന്ന്.  വളരെയധികം മദ്യപിച്ചിട്ടുള്ളവനാണെങ്കിൽ അവൻ ഉറ ധരിക്കുകയില്ല.  അവനെ ഞാൻ തിരിച്ചയക്കും.  അല്ലാത്തവരെ ഞാൻ ഉള്ളിലേക്ക് കടത്തിവിടും.  അകത്തേക്ക് പോകുന്നവരുടെ കൈയ്യിൽ ഉറയും ഉണ്ടായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.  മാഡം പറയുന്നു.

ഇനി അഥവാ ഒരുത്തൻ മറന്നു പോയാലും പെൺകുട്ടികൾ ഉറ കരുതിയിട്ടുണ്ടാകും.  സ്ഥിരം കസ്റ്റമേഴ്സ് ചിലപ്പോൾ പെൺകുട്ടികൾക്ക് കൂടുതൽ പണം നല്കി അവരെ വശീകരിക്കാൻ ശ്രമിക്കും.  ഞാൻ ഇവിടുത്തെ സ്ഥിരം ആളല്ലേ. പിന്നെന്തിനാണ്‌ ഉറ ധരിക്കുന്നത്?  എനിക്ക് അസുഖങ്ങളൊന്നുമില്ല. ഇത്രയും നാളായിട്ട് എന്നെ വിശ്വാസമില്ലേ.  സ്ഥിരം കക്ഷികൾ ആവശ്യപ്പെടാറുണ്ട്.  പക്ഷേ എന്തു പറഞ്ഞാലും ഉറ ധരിക്കണമെന്നുള്ള മാഡത്തിന്റെ നിർബന്ധം ഒരു പെൺകുട്ടിയും തെറ്റിക്കാറില്ല.  എന്റെ പെൺകുട്ടികൾക്ക് അസുഖം പിടിക്കാൻ ഞാൻ അനുവദിക്കുകയില്ല.  ഒരു അമ്മ സ്വന്തം മക്കളെ കാത്തു സൂക്ഷിക്കുന്നതുപോലെ മാഡം അവരെ സംരക്ഷിക്കുന്നു.

*******************************************************

സാൻഗ്രാം സംഘടനയുമായി ഒത്തൊരുമിച്ച് കുറെക്കാലം പ്രവർത്തിച്ചശേഷം മാഡം അവരുമായി നിസ്സഹകരണത്തിലായി.  അതിന്റെ കാരണമൊന്നും പറയാൻ മാഡം കൂട്ടാക്കുന്നില്ല.  ഞാൻ ഇനി എന്റെമാത്രം യജമാനനാണ്‌.  ഞാൻ എങ്ങനെ ജോലി ചെയ്യണമെന്ന് മറ്റുള്ളവർ എന്നോടിനി പറയണ്ട.  മാഡം പറയുന്നു. വൈശ്യ മഹിള എയ്ഡ്സ് നിർമൂലൻ കേന്ദ്ര എന്ന പേരിൽ ഒരു സംഘടനക്ക് മാഡം രൂപം നല്കുകയും ചെയ്തു.  സംഘടനയിൽ എത്ര പേരുണ്ടെന്നോ ദിവസവും രാത്രിയിൽ ബക്കറ്റിൽനിന്ന് എത്ര ഉറകൾ കണ്ടെടുക്കുമെന്നോ മാഡം പറയുന്നില്ല.

തന്റെ പെൺകുട്ടികളോടുള്ള ആന്മാർത്ഥതയിൽ മാഡം ദൃഡബദ്ധയാണ്‌.  അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആന്മാർപ്പണമാണവർക്കുള്ളത്.  അതിന്റെ ഭാഗമായിട്ടാണ്‌ ഉറകളില്ലാതെ ലൈംഗീകബന്ധം പാടില്ലെന്നുള്ള നിബന്ധന വച്ചത്.  നിരക്ഷരരായ പെൺകുട്ടികളേയും അവരുടെ മക്കളേയും പഠിപ്പിക്കാനുള്ള ചുമതലയും മാഡം തന്നെ ഏറ്റെടുത്തിരിക്കുന്നു.  പെൺകുട്ടികൾ കർണാടകയിലുള്ള അവരുടെ വീട്ടിലേക്കു പോകാൻ യാത്രാബസ് കണ്ടുപിടിക്കുന്നത് പരിശീലിപ്പിച്ചെടുത്തത് മാഡം തന്നെ. നിരക്ഷരരും ലൈംഗീകതൊഴിലാളികളുമായ മാഡത്തിന്റെ 50 പെൺകുട്ടികൾ കഴിഞ്ഞ മൂന്നു വർഷമായി പുസ്തകങ്ങൾ പഠിക്കുന്നു.  ക്ളാസ്‌സമയം നിത്യവും നാലു മുതൽ ആറു വരെ.  ഭാഷാപഠനവും കണക്കുമൊക്കെയാണ്‌ വിഷയങ്ങൾ.  അവരെ ഇംഗ്ളീഷ് പറയാൻ പഠിപ്പിക്കണം.  മാഡം പറയുന്നു.
ക്ളാസ്സ് കഴിഞ്ഞാൽ ആറു മണി മുതൽ പിന്നെ ബിസിനസ്സ് ടൈം ആണ്‌.  മേക്കപ്പിടണം. ഡ്രസ്സ് ചെയ്യണം.  വരുന്ന കസ്റ്റമേഴ്സുമായി ഇടപെടണം.  അവരോട് പണം മേടിക്കണം. അങ്ങനെ പാതിര വരെ നീണ്ടുപോകുന്നു ബിസിനസ്സ് പരിപാടികൾ.  അവസാനം റബ്ബർ ഉറകൾ ബക്കറ്റിൽ നിക്ഷേപിക്കുന്നതോടെ അന്നത്തെ ജോലി അവസാനിക്കുന്നു.  ഇപ്പോൾ ബക്കറ്റ് നിത്യവും എടുക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്.  അയാൾക്ക് മാസം 10 രൂപ ഓരോ പെൺകുട്ടിയും നൽകണം.

ഇതിനു പുറമേ, എല്ല വർഷവും ദീപാവലി സമയത്ത് വീടും മുറികളും ചായം പൂശി പലവിധത്തിൽ അലങ്കരിക്കുന്നതും മാഡത്തിന്റെ നിബന്ധനകളിൽപ്പെടുന്നു.  ഇതിനായി ഓരോ പെൺകുട്ടിയും 25 രൂപയെങ്കിലും മാഡത്തിന്‌ നൽകും.  സെക്സ് ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണെങ്കിലും ലൈംഗീകതൊഴിലാളികളെ സമൂഹം അവജ്ഞയോടെ നോക്കിക്കാണുന്നു.  പക്ഷേ ദാരിദ്ര്യം മൂലം ഈ സാഹചര്യത്തിലെത്തപ്പെടുന്ന ലൈംഗീകതൊഴിലാളികളെ സഹായിക്കാൻമാത്രം സമൂഹം മുന്നോട്ട് വരുന്നില്ലെന്ന് മാഡം പരാതിപ്പെടുന്നു.

*********************************************************

ദസ്സറ ചൗക്കിലെ വീടുകളും മുറികളും മനോഹരങ്ങളാണ്‌.  ഭിത്തികൾ പല വർണങ്ങളാൽ ചായം പൂശിയിരിക്കുന്നു.  അവയിൽ ബോളിവുഡ്ഡിലെ പല നടികളുടേയും നടന്മാരുടേയും പോസ്റ്ററുകൾ.  പല വർണത്തിലുള്ള കർട്ടനുകൾ.  വൃത്തിയും വെടിപ്പും വർണഭംഗിയുമുള്ള ബെഡ്ഷീറ്റുകൾ.  ഓരോരുത്തരുടെ കുടുംബചിത്രങ്ങൾ മനോഹരമായി, ഫ്രെയിമുകളിലായി ഭിത്തിയിൽ തൂങ്ങുന്നു.  മുറികളിൽ ലിപ്‌സ്റ്റിക്ക്, നെയിൽ പോളീഷ്, വർണ വളകൾ, ചീപ്പ്, കണ്ണാടി, എന്നിങ്ങനെ പോകുന്നു ലിസ്റ്റുകൾ.  സിമിന്റ്തറ വെടിപ്പുള്ളതും തിളങ്ങുന്നതുമാണ്‌.  എല്ലാ ദിവസവും വീടിന്റെ മുൻഭാഗം അടിച്ചു വൃത്തിയാക്കി പൊടി ഒതുങ്ങാൻ വെള്ളം തളിക്കുന്നു.  അതിനു ശേഷം രംഗോളി ചിത്രങ്ങൾ വീടിനുമുൻപിൽ തൂകുന്നു.
മാഡത്തിന്റെ കൂടെ ഈ പെൺകുട്ടികളുടെ ജീവിതം വളരെ സന്തോഷപ്രദമാണ്‌.  മാഡം അവർക്കുവേണ്ടി സ്വന്തം അമ്മയേപ്പോലെ എല്ലാം ചെയ്തുകൊടുക്കുന്നു.  അവരുടെ സന്തോഷമാണ്‌ മാഡത്തിന്റേയും സന്തോഷം. അവരേയും അവരുടെ മക്കളേയും സ്വന്തം ഹൃദയത്തിൽ താലോലിക്കുന്നു.  മാഡം അവരുടെ എല്ലാമാണ്. മാഡം ഇല്ലെങ്കിൽ ഈ പെൺകുട്ടികൾക്കും ജീവിതമില്ല.

ദസ്സറചൗക്കിലെ പല പെൺകുട്ടികൾക്കും  ഇപ്പോൾ വായിക്കാനറിയാം.  അവരുടെ കുട്ടികളെ അടുത്ത സ്കൂളുകളിൽ അയക്കുന്നു.  അവരെ പഠിപ്പിച്ച് വലിയവരാക്കണമെന്ന് എല്ലാവർക്കും മോഹം.  മാഡത്തിനും അതുതന്നെയാണിഷ്ടം.  മാഡം അവരെ രക്ഷിക്കുന്നു.  ശക്തരാകാനുള്ള ഏക മാർഗം സാക്ഷരതയാണെന്ന് മാഡം തന്റെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നു.  ഇതിനെല്ലാം ഇടയിൽ റബ്ബർ ഉറ തന്നെയാണ്‌ നെടുംതൂൺ എന്ന് മാഡം അവരെ ഓർമിപ്പിക്കുന്നു.  ദസ്സറ ചൗക്കിലെ സുന്ദരികൾ കൃത്യമായി ഉറ ധരിക്കാൻ പുരുഷന്മാരെ ദിവസവും പരിശീലിപ്പിക്കുന്നു.

Read www.Jaalakam.com , published from USA, for more news and articles.

No comments:

Post a Comment